Friday, February 17, 2017

രൗദ്രമഴ


ഭ്രാന്തചിത്തയായ്‌ മുടിയഴിച്ചു മുഖം കറുപ്പിച്ചു
ഉച്ചണ്ഡഭേരി മുഴക്കിവരുന്നവൾ
ആകാശക്കോട്ടതന്നതിരുകൾ ഭേദിച്ചു
ആർത്തലച്ചൊഴുകി വരുന്നവൾ
പ്രതികാരത്തിൻ വാളുകളുയർത്തി
ചീറിപ്പായുന്നിതാ മിന്നൽപ്പിണറുകൾ
ആരെയും കൂസാതെയാസുരതാളത്തിൽ
ഭീഷണനടനം ചെയ്തുവരുന്നവൾ
പ്രകൃതിയൊ ശ്യാമവിമൂകഭാവയായ്‌
മിഴികളിൽ പ്രാർത്ഥനാമന്ത്രവുമായ്‌
ശാഖിയാം കൂപ്പുകൈകളുയർത്തി
വൃക്ഷങ്ങളുമാടിയുലഞ്ഞു ഭീതി പൂണ്ടു നിൽപ്പൂ
തെന്നലൊ ഭാവഭേദം കൈക്കൊണ്ടു
ആഞ്ഞടിക്കുന്നു വാതായനങ്ങളിൽ
കുത്തിയൊലിച്ചൊഴുകി വരുന്നിതാ
നെടുവീർപ്പിയലും മണ്ണിന്നടരുകളും
എറിയുന്നിവൾ ജാലകങ്ങളിൽ ചരൽക്കല്ലുകൾ
പിഴുതെറിയുന്നു മാമരങ്ങളേയും
കൂർത്തുമൂർത്ത തണുത്ത സൂചികളായി
ആഴ്‌ന്നിറങ്ങുന്നു മണ്ണിൻ നാഭിയിലേക്കായ്‌
മനസ്സിൻ മഹാകാശത്തെ വെള്ളിനൂലുകളൊ
ചിതറിത്തെറിച്ചു മറഞ്ഞുപോയി
അറിയാതെയുള്ളിൽ നുരയിട്ടതെന്തേ
സ്മരണകൾ കുടിയിരിക്കുമാ സ്വപ്നഭൂവൊ
എല്ലാം കടപുഴക്കിയെറിഞ്ഞു കലി പൂണ്ടു
വരുന്നിതായിവൾ ക്രോധാകുലയായി
പെയ്തിറക്കിവെക്കുന്നുയെല്ലാ നോവുകളെയും
അമ്മ തൻ മടിത്തട്ടിലേക്കായന്ത്യത്തിൽ
പിന്നെയൊ, മടങ്ങുന്നു ഒഴിഞ്ഞ കൂടുപോലതി-
ശാന്തയായ്‌, ഈറൻ മുടിയും വിതിർത്തുകൊണ്ടവൾ......

No comments: