Friday, February 17, 2017

നർത്തകി


ചെന്തളിർച്ചുണ്ടിലൊളിയും
മന്ദസ്മിതത്തിൽ അനംഗ
മന്ത്രമൊളിപ്പിച്ച്‌ നീല
നീൾമിഴികളിൽ രാഗസ്വപ്നങ്ങൾ
ചൂടി,നിലാപ്പൂത്തിരിയണിഞ്ഞ
കവിളിണയുമായ്‌ പൊൻ തളകൾ
കിലുക്കിയെന്റെ ചാരത്തണഞ്ഞവൾ
ആരു നീ ഭദ്രേ? നാട്യമോഹിനി
മറഞ്ഞെന്തേ നിൽക്കുവാൻ
വ്രീളാലോലം ,ചോദിച്ചേനകതാരിൽ
മറുകുറിയോതുന്നോ മൗനമായ്‌
വിധുമുഖി, മന്ദമായ്‌ തഴുകുന്നു
മന്ദാനിലനും,ഉതിരുന്നുവോ
പ്രണയത്തിൻ വാടാമലരുകളും
മൃദുവായ്‌ ചിരിക്കുന്നു
നൂപുരധ്വനികളും,ഉണരുന്നു
മിഴികളിൽ ഭാവങ്ങളിതളുകളായ്‌
ലോലമായാടുന്നു തെന്നലിൽ
പൊന്നോലകൾ,പോക്കുവെയിലാലെ
പൊന്നു ചാർത്തി നിൽപ്പൂ ഭൂമിയും
വില്ലുപോലഴകാർന്നൊരാ ചില്ലിക്കൊടികൾ
ഇളകവെ വിരിഞ്ഞു രസഭേദങ്ങൾ
അനന്തദളപത്മമായ്‌..
ശൃംഗാരം, വീരം,കരുണം,ഹാസ്യം
അൽഭുതം...അഴിഞ്ഞു നവരസ
ശ്രേണികളൊന്നൊന്നായ്‌....
വിലോലപദ തരളിത ഭൈരവി
ലാസ്യമായാടിത്തളരവെ
നിൽപ്പൂ മുഗ്ദ്ധയായ്‌,ശാന്തഗംഭീരയായ്‌
നവപദചലനത്തിൽ തീർത്തു
നാട്യവിസ്മയത്തിൻ കൽപ്പനകൾ
നൃത്തച്ചുവടിൻ ശൈലങ്ങളേറി
നാട്യപദത്തിന്നുത്തുംഗമണഞ്ഞു
വിശ്വനർത്തനമണ്ഡപമൊരുക്കി....

No comments: