Tuesday, February 7, 2017

കാവേരിയുടെ വിളി



കർണ്ണികാരം പോലെ പൂത്തുജ്വലിക്കുമീ
ഉദ്യാനനഗരത്തിൻ ജീവനാഡി
യായൊഴുകുന്നു കാവേരി നീയനുനിമിഷം
കന്നഡമണ്ണിൻ സംസ്കാരസ്രോതസ്സിൻ
ഖനികൾ വഹിച്ചു പകരുന്നു നീ
ശീതളച്ഛായാ സന്ധ്യകളെ

പുകൾപെറ്റ തീരത്തിൻ സൌവർണ്ണ
ഗീതങ്ങൾ പാടി തൂലിക ചലിപ്പിച്ചു
തോറ്റിയുണർത്തി മന്നിലെ വിശ്രുതരായ്
മണ്മറഞ്ഞെങ്കിലും ഇന്നും ഹൃൽസ്പന്ദനങ്ങ
ളായൊഴുകുന്നുനിന്നിൽ പെരുമ തൻ
ഗാനധാരകൾ പെയ്യിച്ച ഗാനഗന്ധർവ്വർ
കാവ്യത്തിൻ കനകമഴ പെയ്യിച്ച
കനകദാസരും, പുരന്ദരവിഠലനെ
പാടിസ്തുതിച്ച പുരന്ദരദാസരും
ദീനത തൻ കനലുകളാറ്റി കുളിർമഴ
പെയ്യിച്ച ബസവണ്ണരും,ദേശസ്നേഹത്തിൻ
സിരകളെയൂട്ടിയ കൂവെമ്പുവും പൊന്ന,പമ്പ
മഹാനുഭാവർ തൻ കാലടികൾ
പതിഞ്ഞ പുണ്യഭൂവിൻ തീരത്തു
പമ്പയാറൊഴുകുന്ന നാട്ടിൽ നിന്നും
അതിജീവനത്തിനായ് വന്നവൾ ഞാനും
പൂക്കളെ സ്നേഹിച്ചു വർണ്ണങ്ങളെ
തേടിനടന്ന യെല്ലമ്മയെന്ന
രേണുകാംബ വാണൊരീ ഭൂവിൽ
പിന്നീടെത്രയോ കല്പാന്തങ്ങൾ
തുഴഞ്ഞെങ്കിലും ചിരസ്ഥായികളായി
മോഹനരാഗനൃത്ത സംഗീത
ശില്പ്പങ്ങളുണർന്നു കല തൻ
യശസ്സുയർത്തി നാരായവേരുകളായ്
പടർന്നേറിയ കന്നഡമണ്ണിൻ കവന
കൌതുകത്തിൻ നീലിമയിലലിഞ്ഞുചേർന്ന
സ്വപ്നങ്ങൾ നെയ്യുന്നു പുതിയ താരരശ്മികളെ
കുപ്പിവളക്കിലുക്കത്തിൻ പൊട്ടിച്ചിരികളായ്
പാദസരത്തിൻ മണിക്കിലുക്കങ്ങളായ്
താഴ്വരകളെ ചുംബിച്ചുണർത്തിതലോടി
ബഹുഭാവ സംഗീതത്തിൻ മുരളീരവങ്ങളായ്
തുംഗ കാവേരി കൃഷ്ണാ,ബ്രഹ്മപുത്രാ
നദീസഖികളും......
യക്ഷഗാനം കരഗാട്ടെ ജാത്രെയെന്നുവേണ്ട
നാടോടിപെരുമഴ തൂകും തെരുവോരങ്ങളും
വിളമ്പുന്നു കല തൻ മഹോൽസവങ്ങളും
കുമാരനാശാനാശയഗാംഭീര്യമായ് പാടിയ
ഗെരൊസൊപ്പാ ജലനിർജ്ജരികളുമീ
ദേശത്തിൻ കഥകൾ വാഴ്ത്തിപ്പാടി
കാവേരി നിന്നിലൂടൊഴുകുന്നു
സാന്ദ്രമൌന സംഗീതമലരുകളായി
അദ്വൈതഭാവത്തിൻ ശാന്തിമന്ത്രം ജപിച്ചു
നില്ക്കും കന്നഡമാതാവിൻ പ്രിയപുത്രീ
നീയൊരഭൌമ സൌന്ദര്യശില്പ്പമായ്
നിറയുന്നു പാരിൽ..
വണങ്ങുന്നു നിന്നെ ഞാൻ കാവേരി സ്വസ്തി!
കന്നഡ തൻ സഖിയാം കേരളമണ്ണിൽ നിന്നും
വന്നൊരീയാർദ്രമാം കവിമനസ്സും വണങ്ങുന്നു
കാവേരി,,,,സ്വസ്തി......
.


No comments: