Thursday, December 9, 2010

മഴ

ഭ്രാന്തചിത്തയായ്‌ മുടിയഴിച്ചു മുഖം കറുപ്പിച്ചു
ഉച്ചണ്ഡഭേരി മുഴക്കി വരുന്നവള്‍
ആകാശക്കോട്ടതന്നതിരുകള്‍ ഭേദിച്ചു
ആര്‍ത്തലച്ചൊഴുകി വരുന്നവള്‍

പ്രതികാരത്തിന്‍ വാളുകളുയര്‍ത്തി
ചീറിപ്പായുന്നിതാ മിന്നല്‍പ്പിണറുകള്‍
ആരെയും കൂസാതെയാസുര താളത്തില്‍
ഭീഷണ നടനം ചെയ്‌തു വരുന്നവള്‍


പ്രകൃതിയൊ ശ്യാമവിമൂകഭാവയായ്‌
മിഴികളില്‍ പ്രാര്‍ത്ഥനാമന്ത്രവുമായി
ശാഖിയാം കൂപ്പുകൈകളുയര്‍ത്തിയീ-
വൃക്ഷങ്ങളുമാടിയുലഞ്ഞു ഭീതി പൂണ്ടു നില്‍പ്പൂ.............

.
. തെന്നലോ ഭാവഭേദം കൈക്കൊണ്ടു
ആഞ്ഞടിക്കുന്നു വാതായനങ്ങളില്‍
കുത്തിയൊലിച്ചൊഴുകി വരുന്നിതാ
നെടുവീര്‍പ്പിയലും മണ്ണിന്നടരുകളും

ചരല്‍ക്കല്ലുകള്‍ വീശുന്നിവള്‍ ജാലകങ്ങളില്‍
കൂര്‍ത്തു മൂര്‍ത്ത തണുത്ത സൂചികളായി
ആഴ്ന്നിറങ്ങുന്നു മണ്ണിന്‍ നാഭിയിലേക്കായ്‌

മനസ്സിന്‍ മഹാകാശത്തെ വെള്ളിമേഘങ്ങളൊ
ചിതറി തെറിച്ചു മറഞ്ഞുപോയി
അറിയാതെയുള്ളില്‍ നുരയിട്ടതെന്തേ
സ്മരണകള്‍ കുടിയിരിക്കുമാ സ്വപ്നഭൂവോ?


എല്ലാം കടപുഴക്കിയെറിഞ്ഞു കലിപൂണ്ടു
വരുന്നിതായിവള്‍ ക്രോധാകുലയായി
പെയ്‌തിറക്കി വെക്കുന്നുയെല്ലാ
നോവുകളെയുംഅമ്മ തന്‍
മടിത്തട്ടിലേക്കായന്ത്യത്തില്‍...

പിന്നെയൊ, മടങ്ങുന്നു ഒഴിഞ്ഞകൂടുപോലതി-
ശാന്തയായ്‌ ഈറന്‍മുടിയും വിതിര്‍ത്തുകൊണ്ടവള്‍ ........

1 comment:

joice samuel said...

എഴുത്ത് തുടരൂ...
ആശംസകളോടെ,
ജോയ്സ്...!!