Friday, September 3, 2010

ആശുപത്രി

ഏറെ നേരമായിരിപ്പൂയാശുപത്രി തന്‍ മുറ്റത്തു
നാട്ടുവിശേഷങ്ങളോതി തണുത്ത കാറ്റും കൂട്ടായി
ജനസാഗരമിരമ്പുന്നു രോഗനിബിഢമാം
സാന്ദ്രദുഃഖമൌനത്തിന്‍ കയങ്ങള്‍ തെളിയുന്നു
മൌനത്തിന്‍ കയത്തിലാഴുന്നു മരുന്നിന്‍ മടുപ്പുകളും
ജനിമൃതികള്‍ക്കിടയില്‍ പിടയുന്നു മനുഷ്യരും
തിങ്ങുമശാന്തി തന്‍ ഭാണ്ഡക്കെട്ടുകളുമേന്തി
കുഴിഞ്ഞ തോളുമായെരിഞ്ഞു തീരുന്നു പലരും
ഒന്നഴിച്ചുവെക്കുവാനത്താണിയില്ലാതെ
പതിയെ നീങ്ങുന്നു ചിലര്‍ ഘനശൈത്യയാമങ്ങളിലൂടെ
ഇതിഹാസസമാനമീ ജീവിതാദ്ധ്യായത്തിന്‍
കഥകളെത്ര തോറ്റിയുണര്‍ത്തണമരുണോദയത്തിനായ്‌
പാപഭാരത്തിന്‍ മുള്‍ക്കുരിശുകള്‍ പേറി
ചോര വീിണു നനഞ്ഞു നീറും വ്രണങ്ങളുമായ്‌
വാ പിളര്‍ക്കുന്നു രോഗാതുരതകളുമേറെ.
ശൂന്യമാം വഴിത്താരമാത്രം മുന്നിലലസമായ്‌
ജീവിതത്തിന്‍ മണിവീണ കൈയ്യിലേന്തി
എത്ര ജന്‍മങ്ങളീ പടിയിറങ്ങി ശ്രുതിയിടുന്നു പിന്നെയും....................... ?

No comments: