Social Icons

Featured Posts

Thursday, February 23, 2017

സൂര്യ ഗായത്രികൾ

മെഴുകുപ്രതിമയായ്‌
അണയാറായെങ്കിലും
വാക്കിൻ നക്ഷത്രങ്ങളെത്തേടി
ഉഴറുന്നോരോ യാമങ്ങളും
അരുണശോഭയിൽ 
മുങ്ങിക്കുളിച്ചു പതിയെ
അടിവെച്ചു വരുന്നിതാ
സൂര്യഗീതങ്ങളും പാടി
ആത്മതമസ്സകറ്റി
കിഴക്കന്മലയിൽ
സൂര്യഗായത്രികൾ

Wednesday, February 22, 2017

ശിഷ്ടസംഖ്യ

ഇരുട്ടിന്റെ പർദ്ദക്കുള്ളിൽ
പരൽമീനിനെപ്പോലെ പിടയുമ്പോഴും
മഴ പോലെ പെയ്തിറങ്ങുന്ന
ഓർമ്മകളുടെ പെരുക്കങ്ങൾ
ജീവിതം ഇങ്ങിനെയൊക്കെ
വീണ്ടും കൂട്ടിയും കിഴിച്ചും ഗുണിച്ചും
ശിഷ്ടസംഖ്യയിൽ....പുലരുന്നു
വീണ്ടുമീ പുലരിപൂവുകൾ

Tuesday, February 21, 2017

പടിയിറക്കംഅവഗണനകൾ,ഒഴിഞ്ഞുമാറലുകൾ
ചില മൌനങ്ങൾ
പടിയിറക്കങ്ങളാണു 

മൌനങ്ങൾ

വൈരാഗ്യത്തിന്റെ കാട്ടുതീയാളിപ്പടരുമ്പോഴും
അണയ്ക്കാനാവാതെ ഈ മഹാവർഷങ്ങൾ
മൌനമായതെന്തേ? 

ഗ്രാമത്തിന്റെ മണം

നാട്ടിടവഴിയിലെ ഒടിച്ചുറ്റിപ്പൂക്കൾ
ഇപ്പോഴും കാൽനടക്കാരെ കാണാറുണ്ടോ
കറുകനാമ്പിൽ ചിരിക്കുന്ന മഞ്ഞുതുള്ളികൾ
പ്രപഞ്ചത്തെ പ്രതിഫലിപ്പിക്കാറൂണ്ടോ
കാക്കപൂവുകൾ കൗശലം പറയാറുണ്ടോ
ഗ്രാമത്തിന്റെ മണം ഇപ്പോഴും
ഇവിടെയെല്ലാം മണക്കാറില്ലേ?

രാകിമിനുക്കുന്നു

ലിപി നഷ്ടപ്പെട്ട ഭാഷ പോലെ
ജലസമൃദ്ധി നഷ്ടപ്പെട്ട പുഴപോലെ
ഇലകൾ കൊഴിഞ്ഞ ചില്ലകൾ പോലെ
സൂര്യനില്ലാത്ത പകൽപോലെ
ഇവിടെ ഇപ്പോഴും വൈരാഗ്യത്തിന്റെ
ഈർച്ചവാളുകൾ മാത്രം
രാകിമിനുക്കുന്നു.....

വെൺശംഖുകളെ തിരഞ്ഞ്‌

ഇന്നലെ കണ്ട കനവിൽ
ഊറി നിന്നത്‌ സ്ഫടികനിറവാർന്ന
മിന്നാരംകല്ലുകൾ
പ്രഭാതരശ്മിക്കൊപ്പം
ഇലത്തുമ്പിൽ തുളുമ്പുന്ന
ജലകണികകൾ
ചന്ദനമണം നിറഞ്ഞ
അക്ഷരചിപ്പികളുടെ
വെൺശംഖുകളെ തിരഞ്ഞ്‌ ഞാനും

Friday, February 17, 2017

യാഗഭൂമി-


നില്ക്കുന്നു ഞാനീ യാഗഭൂവിൽ
നിറുകയിൽ ഉച്ചസൂര്യനും
കത്തിയെരിയുന്നൊരഗ്നി-
കുണ്ഠവും നെഞ്ചിലേന്തി.... 
കനലായ് പിന്നെ ചാരമായ് ,
തീരുന്നു ആർദ്രഭൂവിന്നടരുകൾ 
എണ്ണിയാലൊടുങ്ങാത്ത 
വിഭ്രമവിഷവിത്തുകളുറയുന്നു 
നിലം പതിക്കുന്നു ചുറ്റും
ചിറകൊടിഞ്ഞ തുമ്പികൾ
തല കീഴായി തൂങ്ങിക്കിടന്ന-
പശ്രുതികൾ വാരിവിതറി
കൂടൊരുക്കുന്നു നരച്ചീറുകൾ
ബോധച്ചില്ലകളിൽ..
ഇരുളിൻ മറ തീർത്താടുന്നു
വേതാള ചുടല നൃത്തങ്ങൾ
വെറുപ്പിൻ പഴുതാരകളിഴഞ്ഞു
പാകുന്നുയരികിൽ വിരസത-
പെറ്റ വരണ്ട യാനങ്ങളെ
നിദ്ര വിട്ടുണരുന്നു പന്തങ്ങളേന്തി
അലറും തീച്ചാമുണ്ഡികൾ
മൂക്കും രാവുകളിൽ കനക്കുന്നു
താളഭ്രംശനത്തിൻ പകർച്ചകൾ
കുത്തഴിയുന്നു മൂല്യങ്ങൾ
കളങ്ങളൊഴിയുന്നു സത്യങ്ങൾ
പിടഞ്ഞമരുന്നു മനസ്സുകൾ
തിരിയും പത്മവ്യൂഹങ്ങളിൽ
ഒലിക്കുന്നു ചോര നീർ-
ച്ചാലുകൾ പോലവേ
വറ്റി വരളുന്നു കിളിർത്ത-
സ്നേഹപാഥേയങ്ങളും
ജടയഴിച്ചു പ്രതിജ്ഞ ചെയ്യുന്നു
പക പൂണ്ട നാരീജൻമങ്ങൾ
പ്രതിധ്വനിപ്പൂ ധർമ്മത്തിൻ
ശംഖൊലികൾ ചക്രവാളങ്ങളിൽ
അസത്യത്തിൻ കുടൽമാല
വലിച്ചുകീറി നിണമുതിർത്തു
അശ്വഘോഷങ്ങളുയരട്ടെ
വിജയത്തിൻ തേരൊലികളായ്
സത്യത്തിൻ മുനയൊടിച്ചു
നേടുന്ന വിജയപഥങ്ങൾ
നശ്വരങ്ങളെന്നോർക്കുക
തുറക്കുക വേഗമീ യാഗഭൂവിൽ നിന്നും
ഭാസുര ഭാവി തൻ വാതായനങ്ങൾ!

മറന്നുപോയ പാട്ട്
വിരാമം കുറിക്കുക നരച്ച കനവുകൾക്കിനി
മിഴി തുറക്കുക കാലത്തിൻ നിടിലത്തിലേക്കായ്
സൂര്യയാത്ര തൻ തേരോട്ടങ്ങളനുക്ഷണം
വിപരിണാമത്തിൻ കേദാരങ്ങൾ ചമക്കുന്നിവിടെ
അജ്ഞത തൻ ചിതൽപ്പുറ്റിന്നുള്ളിലടയിരിക്കാതെ
അകത്തുറഞ്ഞു കിടക്കും ചിരാത് തെളിക്കുക
വിശ്വദീപസാക്ഷികളുയരട്ടെ ദ്യോവിലേക്കായ്
പുതിയൊരു പാട്ടിൻ ശ്രുതിയുണരട്ടെ ഭൂമിയിലും
ജാലകത്തിന്നപ്പുറം പാടിപ്പറക്കും വിഹഗങ്ങളെ
മാടി വിളിക്കുന്നു മുടിയഴിച്ചിട്ടീ മുളങ്കാടുകൾ
ഓർത്തെടുത്തു പാടുക വീണ്ടും കിളികളെ നിങ്ങൾ
മറവിയിൽ മാഞ്ഞുപോയൊരാ മധുരമുരളീഗീതങ്ങൾ
കത്തിനില്ക്കും പകലിരവുകളിൽ തിരയടിപ്പൂ
കാട്ടാറിൻ കുതിച്ചൊഴുക്കിൻ അനുപല്ലവികൾ
ഇണങ്ങിയും പിണങ്ങിയും പിന്നെ തഴുകിയും
ചുംബിച്ചുണർത്തുന്നു മഹാമേരു സങ്കീർത്തനങ്ങളെ
ക്ളാവു പിടിച്ച വിചാരമാലകൾക്കറുതി ചൊല്ലി
കടഞ്ഞെടുക്കുക ജീവവായുവിൻ അമൃത കലശത്തെ
അമർത്തുക പെയ്തിറങ്ങി കനം വെക്കും തോരാമഴയെ
സാധകം ചെയ്തുണർത്തുക ശിവരഞ്ജിനിയെ.....
കൊത്തിവെക്കുക മനസ്സിൻ ശിലാഫലകത്തിൽ
ചിറകു വെക്കുന്നൊരീ പ്രപഞ്ചവൈഖരിതൻപല്ലവികളും,,,,,,

തൊട്ടിൽ


തൊട്ടിലാട്ടുന്നിതാ  പേരാലിങ്ക്കൊമ്പിലൊരു
മുത്തശ്ശിയമ്മ തന്റെ ശോഷിച്ച കയ്യാലെ
ഇടറുന്ന കണ്ഠത്തിൽ നിന്നുമുയരുന്നു
തരളമാമുറക്കുപാട്ടിൻ ശീലുകളും
ഏതു ഭാഷയാണേലും അമ്മ തൻ നെഞ്ചിൽ
നിന്നുയരുന്ന പാട്ടിൻ താളവുമീണവുമൊന്നുപോലെ
കൈകാലിട്ടടിച്ചു വിശപ്പിൻ വിളി സഹിയാഞ്ഞൊരു കുഞ്ഞിൻ കരച്ചിലുമുച്ചസ്ഥായിയിൽ
പുതുവഴികൾ വെട്ടുന്നതിൽ ശ്രമം പൂണ്ടിവൾ തൻ
ജന്മദാതാക്കളീയെരിയും സൂര്യജ്വാലയിൽ
തളർന്നവശത പൂണ്ടു പേശികൾ മുറുകി
വിയർപ്പാറ്റിക്കുറുക്കുന്നുയീ നരജന്മങ്ങൾ
ലോലമാം കയ്യാൽ വീശുക തെന്നലെയീ കുഞ്ഞിൻ
വരളും ചുണ്ടുകൾക്കായിത്തിരി പാൽ മണവും
അമ്മിഞ്ഞപ്പാലില്ലയിവൾക്കേകുവാനായി
മാംസമടർന്നോരമ്മ തന്നെഞ്ചിൻ കൂടിൽ
വേനൽത്താപത്തിലുരുകുന്നു വേദനക്കനലും
വറ്റിവരളുന്നൊരാ ജീവിതപ്പടിയിൽ
ഋതുഭേദങ്ങളില്ലാതെയദ്ധ്വാനിപ്പൂയീ
മനുഷ്യക്കോലങ്ങൾ ജീവിതവണ്ടിയുന്തുവാൻ
അന്നമില്ല,കുടിനീരില്ല,മാറ്റിയുടുക്കാനൊരു
തുണ്ടു പഴന്തുണിപ്പോലുമില്ലയീ പാവങ്ങൾക്കു
അപ്പോഴും കാണ്മൂ നാം ലോകത്തിൻ മറുപുറം
ആഢംബരത്തിന്നലുക്കുകളായാടുന്നു മണിത്തൊട്ടിലുകൾ
കുഞ്ഞേ,നിനക്കു വിധിച്ചതീ വൃക്ഷത്തിൻ കയ്യിലെ തൊട്ടിൽ
ശാന്തമായുറങ്ങുക പ്രകൃതി തൻ താളത്തിൽ
ഉരുവിടുന്ന കിളികൾ തൻ കളമൊഴികളും കേട്ട്‌
വിശപ്പിൻ ശത്രു മുരളുന്നുവോ നിന്നുദരത്തിൽ?
എൻ മണിക്കുഞ്ഞേ ഞാനുമൊരു ഭിക്ഷാംദേഹി..
താരാട്ടിലലിഞ്ഞു കേൾപ്പതേതു വിഷാദരാഗം?
ജീവിതമേറെക്കുടിച്ചൊരീ മുതശ്ശി തൻ ഗദ്ഗദമോ...
പുതുവഴിയായാൽ കയ്യാളാനെത്രയോ പേർ
വഴി തീർത്തവരോയധഃകൃതരുമന്യരുമാകുന്നു
നെറികേടുകൾ കുന്നുകൂടുന്നൊരു ലോകമേ
നീ പുറം തിരിഞ്ഞു മുഖമടച്ചുനിൽക്കാതെ
നൽകുകയീ ചോര നീരാക്കുന്നവർക്കിത്തിരി തണലും!

കുചേലൻ.

....
നിറവിന്റെ മടിത്തട്ടിൽ
സൂചിമുനകൾ തറച്ചു
മണിമാളികയിലെ കനത്ത
ഏകാന്തത ഭീകരസത്വമായി
ഇരുട്ടിന്റെ കടവിൽ വീണ
നിലാവുപോലെ
ബോധമണ്ഡലത്തിൽ
കയറി വന്ന മയിൽപ്പീലികൾ
...ഇറങ്ങിപ്പോയി
കാടിന്റെ അഗാധതയിലേക്കു...
കൃഷ്ണമുടിയിലെ വെള്ളിയലുക്കുകൾ
വേടന്റെ അമ്പേറ്റ്‌ നിലം പതിച്ചു
വർത്തമാനത്തിന്റെ സമസ്യകൾ
വിദൂരപർവ്വതരേഖപോലെ...
ഓടക്കുഴലിന്റെ മുഗ്ദ്ധനാദത്തിലും
വ്യഥിതലയനതരംഗങ്ങൾ
ഓർമ്മയുടെ അവിൽപ്പൊതി അഴിച്ച്‌
ഇളംകാറ്റിന്റെ മർമ്മരത്തിനായ്‌
കാതോർക്കുമ്പോൾ
വന്നു മൂടുന്നു വിഷം വമിക്കുന്ന
വ്യാളീമുഖങ്ങൾ...
കൂപമണ്ഡൂകങ്ങളുറങ്ങുന്ന
ഇരുൾ മൂടിയ ഗർത്തങ്ങളിൽ നിന്നും
ഭേദിക്കാനാവാത്ത അഴികളെണ്ണിയെണ്ണി
അതിജീവനത്തിന്റെ വായ്ത്താരികൾ
ഉരുക്കഴിച്ച്‌,
സ്നേഹസാന്ദ്രതയുടെ
പുൽ മേടയിലേക്കുള്ള
കൂടുമാറ്റത്തിന്റെ
തിരിനാളം കെട്ട സ്വപ്നത്തിന്റെ
കണ്ണുകളിൽ തിരിച്ചുപിടിക്കാൻ
ശ്രമിക്കുന്ന ഇവർക്ക്‌
താഴിട്ടുപൂട്ടിയ
മോചനത്തിന്റെ
വാതിൽ തുറന്നുകൊടുത്താലും......

വളപ്പൊട്ടിന്റെ സംഗീതം


രഥചക്രങ്ങളുരുണ്ട
പടിയിറക്കത്തിൻ ചരിത്രം
കുറിച്ചുന്മാദത്തോടെ
പാതിരാവിലുണർന്നു
പൊട്ടിച്ചിരിപ്പൂ
വളപ്പൊട്ടുകൾ
മണ്ണെണ്ണ തിരിയിൽ
മഷി മുക്കി,കണ്ണിമ ചിമ്മാതെ
പൊട്ടിയ സ്വപ്നങ്ങൾ
ചേർത്തു വെച്ചു,ശുഭ
പ്രതീക്ഷ തൻ മാല കോർത്തു
പുലരിശംഖിലുദിക്കുന്ന
പുതിയ സ്വപ്നത്തിൻ
കഴുത്തിൽ ചാർത്തുവാൻ
ഗതകാലത്തിൻ നിഴലിലമർന്ന
കനവിനെയോർത്ത്‌
വിണ്ടുകീറിയ വ്രണങ്ങളിലമർന്ന്
പൊട്ടിച്ചിരിപ്പൂ വീണ്ടുമീ
വളപ്പൊട്ടുകൾ....
വിഷം തീണ്ടാത്ത കാലത്തിൻ
പടവിൽ നിന്നും തെന്നിയകന്ന്
സ്നേഹനിരാസത്തിൻ
പത്തിയിലമർന്ന്
തിരസ്കൃത കനലും പേറി
വിജയത്തിന്നരങ്ങിലെ
കളിക്കോപ്പഴിച്ചു വെച്ചു
യാത്ര തിരിച്ചു ,സാന്ധ്യ
രാഗവുമണിഞ്ഞ്‌
കടൽ സാക്ഷിയായ്‌.....
ദാഹം തീർത്ത തണ്ണീർത്തടങ്ങൾ
പുസ്തകതാളിന്നിടയിലൊളിപ്പിച്ച
മയിൽപ്പീലിത്തുണ്ടുകൾ
സ്വപ്നങ്ങൾക്ക്‌ നിറം ചാലിച്ച
ഇരട്ടിമധുരങ്ങൾ
നിറഭേദങ്ങൾ തൻ കുന്നിമണികൾ
മാല കോർത്ത വളപ്പൊട്ടുകളെല്ലാം
അഗ്നിനാവുകൾക്കന്നമായതും
വെയിൽപ്പക്ഷിയായ്‌ ദേശാന്തര
ങളിലലഞ്ഞു പറന്നതും
പൊട്ടിയൊലിച്ചു തീർക്കുന്നു
നോവിൻ കടലാഴങ്ങൾ....
കടലിൻ മഹാമൗനത്തിൻ
വാല്മീകത്തിലടയിരുന്ന്
തോറ്റിയുണർത്തുന്നു
ജീവനത്തുടിപ്പിൻ സ്വരപല്ലവികൾ
ആത്മതമസ്സകറ്റി സരസ്വതീ
യാമങ്ങളിലുണർന്നു കുറിച്ചിട്ട
സംക്രമഗീതങ്ങൾ....
കാലത്തിൻ ഗതിവേഗങ്ങൾ
തുഴഞ്ഞെത്തിനിൽപ്പു പാതി വഴിയിൽ
തിരയടിച്ചാർത്തെത്തുന്നു പേർത്തും
വളപ്പൊട്ടിൻ മൂകരാഗങ്ങളും
ശിലാമൗനങ്ങളിൽ തളച്ചിട്ട വാക്കുകളും....
രാഗവിരാഗത്തിൻ പെരുക്കങ്ങളി
ലർദ്ധയാമങ്ങളിൽ കടുന്തുടി
യിലുണർന്ന രുദ്രനടനത്തിൽ
തീയെരിഞ്ഞ ഫാലനേത്രങ്ങളും
വെയിൽ കുടിച്ചു തളർന്ന
പകലുകളും, വിസ്മൃതിയിലാണ്ട
സ്വപ്നത്തിൻ ചിറകനക്കങ്ങളും
ചിക്കിയുണരുമ്പോൾ
അനുഗമിച്ചത്തുന്നു ഉന്മാദ
ത്തിൻ പൊട്ടിച്ചിരിയായ്‌
വളപ്പൊട്ടിൻ ഭ്രാന്തമാം
കിലുക്കങ്ങൾ വാഗ്‌ സ്ഥലികളായ്‌........

ജീവിത വൈഖരി


സ്നിഗ്ദ്ധ ചിറകൊളി പകർന്നു തന്ന
കവിതേ സ്നേഹിപ്പു നിന്നെ ഞാൻ
കൈ പിടിച്ചു പിച്ച വെപ്പിച്ചു
തൂലികത്തുമ്പിലെ അക്ഷരവെളിച്ചമായ്‌
ഇരുട്ടിൻ കവാടം മലർക്കെ തുറന്നു.
അഴകിൻ പ്രപഞ്ചം വിരിച്ചു നീ ഹൃത്തിൽ
ആകാശദൂരങ്ങളളന്നെത്തി മന്നിലെ
കൽമണ്ഡപങ്ങൾക്കു സാക്ഷിയായ്‌
എഴുതി പുതിയ പ്രണയാക്ഷരങ്ങൾ
മയിൽപ്പീലി വിടർത്തി മഴമേഘങ്ങളെ
തൊട്ടുണർത്തി രചിപ്പൂ കാലത്തിൻ ഈരടികൾ
അനാദി ദുഃഖത്തിൻ വേരുകളടർത്തി
മീട്ടി പ്രപഞ്ച വീണ തൻ തന്ത്രികൾ
പെയ്തു രാഗമഴ തൻ സമ്മോഹനമാം
സ്വരപെയ്ത്തുകൾ അക്ഷരദീപങ്ങളായ്‌
തുടർന്നു പ്രയാണം മേഘശകലങ്ങൾ
കാവ്യചിഹ്നത്തിൻ ചക്രവാളങ്ങളെ തേടി
പകരുന്നിതായിപ്പോഴും ജീവിത വൈഖരി
തൻ
പുതിയ പാഠങ്ങളൊന്നൊന്നായ്‌ ഹൃദയവീഥിയിൽ....

വിഷമുള്ളുകൾ


ഉഴുതുമറിച്ചു പാകുന്നു
വിഷവിത്തുകൾ
വിളവെടുക്കുന്നു നൂറു മേനി വിഷമുള്ളുകളും
അസത്യത്തിൻ പത്തായം തുറന്നു. കെട്ടി
ച്ചമയ്ക്കുന്നു നുണപ്പന്തലുകൾ
സംശയദൃഷ്ടിയാലുറ്റു നോക്കി ദഹിപ്പിക്കുന്നു
നോവുകൾ തിന്നു തീർക്കും കരൾക്കുടങ്ങളെ
പുകയുന്നു ഗന്ധകതീ തുപ്പും
പണിശാലകൾ തന്നകത്തളങ്ങൾ
പടർന്നുകയറുന്നസഹിഷ്ണുത തൻ
ചോര പുരണ്ട കലാപചിന്തകൾ
സത്യങ്ങളറിയാതെ പുലമ്പുന്നു പാവകൾ
വെട്ടുന്നു ചതിക്കുഴികൾ പടനിലങ്ങളിൽ
വിഷമുള്ളുകളെറിഞ്ഞു സ്വാസ്ഥ്യം കെടുത്തി
അപഹരിക്കുന്നു നന്മ തൻ രാപ്പകലുകളെ
ഒരുക്കുന്നു ശരശയ്യകൾ ആളറിയാതെ
ഉറ്റു നോക്കിനിൽപ്പൂ കാണികളുമൊരു വശം
വിഷത്തുള്ളികൾ നിറച്ചശുദ്ധമാക്കുന്നു
സൃഷ്ടി തൻ ഇറ്റുനോവറിയും തൂലികത്തുമ്പിനെ
ചവിട്ടിക്കുഴക്കുന്നു നീതിസൂര്യന്മാരെ
ശാപാസ്ത്രങ്ങളെയ്തു വീഴ്ത്തുന്നു നീതിബോധങ്ങളേയും
എളിയ ജന്മത്തിൻ കടങ്ങൾ വീട്ടാതെ
അറുത്തു മാറ്റുന്നിങ്ങനെ മൂല്യബോധങ്ങൾ
അവശേഷിപ്പൂ നിണമൊലിക്കും മുദ്രകളായി
ഘനീഭവിച്ച കബന്ധങ്ങൾ തൻ കൂമ്പാരങ്ങൾ
അറിയാപാപങ്ങളിലൊടുങ്ങുന്നു അന്ത്യത്തിൽ
അസത്യത്തിൻ ഗോപുരം തീർത്ത സൂത്രധാരരും.....!.

രൗദ്രമഴ


ഭ്രാന്തചിത്തയായ്‌ മുടിയഴിച്ചു മുഖം കറുപ്പിച്ചു
ഉച്ചണ്ഡഭേരി മുഴക്കിവരുന്നവൾ
ആകാശക്കോട്ടതന്നതിരുകൾ ഭേദിച്ചു
ആർത്തലച്ചൊഴുകി വരുന്നവൾ
പ്രതികാരത്തിൻ വാളുകളുയർത്തി
ചീറിപ്പായുന്നിതാ മിന്നൽപ്പിണറുകൾ
ആരെയും കൂസാതെയാസുരതാളത്തിൽ
ഭീഷണനടനം ചെയ്തുവരുന്നവൾ
പ്രകൃതിയൊ ശ്യാമവിമൂകഭാവയായ്‌
മിഴികളിൽ പ്രാർത്ഥനാമന്ത്രവുമായ്‌
ശാഖിയാം കൂപ്പുകൈകളുയർത്തി
വൃക്ഷങ്ങളുമാടിയുലഞ്ഞു ഭീതി പൂണ്ടു നിൽപ്പൂ
തെന്നലൊ ഭാവഭേദം കൈക്കൊണ്ടു
ആഞ്ഞടിക്കുന്നു വാതായനങ്ങളിൽ
കുത്തിയൊലിച്ചൊഴുകി വരുന്നിതാ
നെടുവീർപ്പിയലും മണ്ണിന്നടരുകളും
എറിയുന്നിവൾ ജാലകങ്ങളിൽ ചരൽക്കല്ലുകൾ
പിഴുതെറിയുന്നു മാമരങ്ങളേയും
കൂർത്തുമൂർത്ത തണുത്ത സൂചികളായി
ആഴ്‌ന്നിറങ്ങുന്നു മണ്ണിൻ നാഭിയിലേക്കായ്‌
മനസ്സിൻ മഹാകാശത്തെ വെള്ളിനൂലുകളൊ
ചിതറിത്തെറിച്ചു മറഞ്ഞുപോയി
അറിയാതെയുള്ളിൽ നുരയിട്ടതെന്തേ
സ്മരണകൾ കുടിയിരിക്കുമാ സ്വപ്നഭൂവൊ
എല്ലാം കടപുഴക്കിയെറിഞ്ഞു കലി പൂണ്ടു
വരുന്നിതായിവൾ ക്രോധാകുലയായി
പെയ്തിറക്കിവെക്കുന്നുയെല്ലാ നോവുകളെയും
അമ്മ തൻ മടിത്തട്ടിലേക്കായന്ത്യത്തിൽ
പിന്നെയൊ, മടങ്ങുന്നു ഒഴിഞ്ഞ കൂടുപോലതി-
ശാന്തയായ്‌, ഈറൻ മുടിയും വിതിർത്തുകൊണ്ടവൾ......

നർത്തകി


ചെന്തളിർച്ചുണ്ടിലൊളിയും
മന്ദസ്മിതത്തിൽ അനംഗ
മന്ത്രമൊളിപ്പിച്ച്‌ നീല
നീൾമിഴികളിൽ രാഗസ്വപ്നങ്ങൾ
ചൂടി,നിലാപ്പൂത്തിരിയണിഞ്ഞ
കവിളിണയുമായ്‌ പൊൻ തളകൾ
കിലുക്കിയെന്റെ ചാരത്തണഞ്ഞവൾ
ആരു നീ ഭദ്രേ? നാട്യമോഹിനി
മറഞ്ഞെന്തേ നിൽക്കുവാൻ
വ്രീളാലോലം ,ചോദിച്ചേനകതാരിൽ
മറുകുറിയോതുന്നോ മൗനമായ്‌
വിധുമുഖി, മന്ദമായ്‌ തഴുകുന്നു
മന്ദാനിലനും,ഉതിരുന്നുവോ
പ്രണയത്തിൻ വാടാമലരുകളും
മൃദുവായ്‌ ചിരിക്കുന്നു
നൂപുരധ്വനികളും,ഉണരുന്നു
മിഴികളിൽ ഭാവങ്ങളിതളുകളായ്‌
ലോലമായാടുന്നു തെന്നലിൽ
പൊന്നോലകൾ,പോക്കുവെയിലാലെ
പൊന്നു ചാർത്തി നിൽപ്പൂ ഭൂമിയും
വില്ലുപോലഴകാർന്നൊരാ ചില്ലിക്കൊടികൾ
ഇളകവെ വിരിഞ്ഞു രസഭേദങ്ങൾ
അനന്തദളപത്മമായ്‌..
ശൃംഗാരം, വീരം,കരുണം,ഹാസ്യം
അൽഭുതം...അഴിഞ്ഞു നവരസ
ശ്രേണികളൊന്നൊന്നായ്‌....
വിലോലപദ തരളിത ഭൈരവി
ലാസ്യമായാടിത്തളരവെ
നിൽപ്പൂ മുഗ്ദ്ധയായ്‌,ശാന്തഗംഭീരയായ്‌
നവപദചലനത്തിൽ തീർത്തു
നാട്യവിസ്മയത്തിൻ കൽപ്പനകൾ
നൃത്തച്ചുവടിൻ ശൈലങ്ങളേറി
നാട്യപദത്തിന്നുത്തുംഗമണഞ്ഞു
വിശ്വനർത്തനമണ്ഡപമൊരുക്കി....

സാരസ്വതം


നവരാത്രി നിലാവിൻ പൊയ്കയിൽ
മുങ്ങിക്കുളിച്ചീറൻ ചുറ്റി വലം
വെച്ചു തൊഴുതു പടികളിറങ്ങി
മൗനമുടച്ച ദിനങ്ങളിൽ
സ്വർണ്ണാംഗുലീയം കൊണ്ടു നാവിൽ
കുറിച്ച ഹരിശ്രീയിൽ നിന്നും
നൃത്തം വെച്ചുയിർക്കൊണ്ട സ്വര
ങളിന്നുമെൻ രസനയിൽ
ആദ്യാക്ഷരമന്ത്രത്തിൻ മാറ്റൊലികളായ്‌
തരിമണലിലൊ,അരിയിലൊ
മോതിരവിരൽ കൊണ്ടെഴുതിച്ച
സാരസ്വതസുകൃതത്തിൻ കൈ
പിടിച്ചിന്നും നടക്കുന്നു ജീവിത
പെരുംങ്കളിയാട്ട കനലിൽ ചവുട്ടി
അറിവിൻ പുതിയ പന്തങ്ങൾ,
അക്ഷരത്തിൻ ആകാശഗീതങ്ങൾ
പകരുന്നു ത്രിപുടതാളത്തിൻ 

അർത്ഥവിന്യാസങ്ങളെ...
പുതുമുളകളായ്‌ പൊട്ടിത്തളിർക്കുന്നു
സ്വരരാഗസുധ തൻ നാരായവേരുകളും
പിച്ചവെച്ചെത്തി അക്ഷരമധുവുണ്ടു
നാവിൽ പൊൻ തരികളുമായി
ചിണുങ്ങിയ പിഞ്ചുബാല്യത്തിൻ
മണ്ണിൽ ചവുട്ടി നിൽക്കവെ
എത്തിനോക്കുന്നു കരിമഷിയെഴുതി
കടൽ കവർന്ന തീരത്തിൻ കാലങ്ങളും
മിഴികളിലഞ്ജനമെഴുതി നിൽക്കും
കുന്നിമണികൾ പോലെ കവിയുന്നു
അക്ഷരത്തേരിറങ്ങി വന്ന സ്വപ്നങ്ങളും
തുഷാരഹാരമണിഞ്ഞ വാക്കിന്നഗ്നിയും
അമൃതും, അഴലും പുണ്യവുമേകി
തീർക്കുന്നു ഹൃദയനഭസ്സിൽ
നവമൊരക്ഷര ഗീതത്തിൻ ചിലമ്പൊലികളെ...
..
LikeShow more reactions
Comment

Tuesday, February 14, 2017

ചുരുളഴിയാത്ത ഭൂപടം


പ്രണയം അങ്ങിനെയാണു
ചിലപ്പോൾ ഓട്ടിൻപുറത്തു നിന്നും
ഭൂമിയുടെ ചുട്ടുപഴുത്ത
പ്രതലത്തിലേക്ക്‌ ഇറ്റുവീഴുന്ന
നനുത്ത മഴയുടെ
പതിഞ്ഞ സംഗീതം പോലെ
മറ്റു ചിലപ്പോൾ തീക്ഷ്ണമായ മടുപ്പിന്റെ
ചുട്ടുപൊള്ളിക്കുന്ന മീനസൂര്യനെപ്പോലെ
വേറെ ചിലപ്പോൾ നിർവ്വികാരതയുടെ
തണുത്തുറഞ്ഞ മഞ്ഞുപാളികളായി
ചിലപ്പോൾ മണ്ണിന്റെ അറിയാമിടങ്ങളിൽ
പമ്മികിടക്കുന്ന കള്ളിമുള്ളുകളെപ്പോലെ
ചില സമയത്ത്‌ ഇരുൾപടർപ്പുകളും
മുൾപ്പടർപ്പുകളും
തിങ്ങി മൗനമുദ്രിതമായ
ഇടവഴികളിലെ സഞ്ചാരിയെപ്പോലെ
പലപ്പോഴും കടലാണെന്നറിഞ്ഞിട്ടും
ഒഴിഞ്ഞുമാറിനടക്കുന്ന അവധൂതനെപ്പോൽ
സമശീതോഷ്ണമായ ഒരവസ്ഥ പ്രണയത്തിനില്ല
അത്‌ അങ്ങിനെയാണു
ചുരുളഴിക്കാൻ കഴിയാത്ത ഭൂപടം പോലെ

Tuesday, February 7, 2017

കണ്ണുകൾ


ഇരുട്ടിന്റെ മൂടുപടം
വകഞ്ഞുമാറ്റി
വെള്ളിവെളിച്ചത്തിന്റെ
ലോകത്തേക്ക്
ചേക്കേറിയത് നാമൊരുമിച്ചായിരുന്നു
മേഘക്കീറുകൾക്കിടയിലെ
ആകാശച്ചിന്തയെ കണ്ടതും
മണ്ണടരുകൾക്കുള്ളിലെ
ജീവന്റെ തുടിപ്പു കണ്ടതും
ആഴമേറിയ ദീപ്തപ്രകാശങ്ങളെ
കൈക്കുമ്പിളിൽ കോരിയെടുത്തതും
ഒരുമിച്ച്....
പിന്നെ ഋതുക്കൾ മാറിമറിഞ്ഞതും
ജീവന്റെ ഭാവപ്പകർച്ചകളെ
ഏറ്റെടുത്തു, നേരിട്ടതും
ഒന്നിച്ചു തന്നെ
കാഴ്ച്ചകളെ ഒരു പോലെ
സ്വീകരിക്കുന്നതിന്നിടയിൽ
എപ്പോഴോ നിന്റെ ദർശിനികളിൽ
മഞ്ഞുമലകൾ ഇറങ്ങിവരുന്നത്,
,ഞാനറിഞ്ഞില്ലായിരുന്നു...
എനിക്കൊപ്പം തന്നെ ഉണ്ടെന്ന്
വിശ്വസിച്ചിരുന്ന ഞാനറിഞ്ഞു
നീ എന്നിൽ നിന്നകലുന്നെന്ന്
ആ കണ്ണിലെ വെളിച്ചം കൂടിയാവാൻ
ഞാൻ കിണഞ്ഞു ശ്രമിച്ചു..
പക്ഷേ അപ്പോഴേക്കും
മഞ്ഞുമലകളുടെ ആക്രമണം
ചെറുക്കാനാവാതെ
ഞാനും നീയും.....!
ആ മഞ്ഞുമലകളെ മുറിച്ചുമാറ്റുന്നത്
ഞാൻ ആശങ്കയോടെ കണ്ടു
കണ്ണാഴങ്ങളിലെ കാഴ്ച്ചകൾ...
പ്രഭാതത്തിലെ
ചെങ്കനൽ സൂര്യന്റെ രശ്മികൾ !
അതൊ കൊല്ലന്റെ
തിളക്കുന്ന ആലയോ?
കടലാഴങ്ങളിലെ
പവിഴപുറ്റുകൾ...കാഴ്ച്ചകൾക്കൊടുവിൽ
പൂർണ്ണമായ അന്ധകാരം
എല്ലാറ്റിനുമുപരി കയറി വന്നു
വെളിച്ചത്തേയും വെല്ലുവിളിക്കുന്ന
പ്രകാശം....
ഇപ്പോൾ പുതിയ കാഴ്ച്ചകളുടെ
വെള്ളിവെളിച്ചത്തിൽ നീ
എന്നോടൊപ്പമുണ്ടെങ്കിലും
എന്റെ കാഴ്ച്ചകളിൽ
വ്യതിയാനം ഉള്ളതു പോലെ
വെളിച്ചത്തിന്റെ
രണ്ടനുപാതങ്ങളിൽ
രണ്ടു ദിശകളിലാണ്‌ നാമിപ്പോൾ!

വെളിച്ചംവരണ്ടുണങ്ങുന്ന ഭൂമിയെ കണ്ടാ
കുലാർദ്രം നിറയുന്നു മിഴികൾ
വളരുന്നനുദിനവും ഹൃത്തടത്തിൽ
ഇരുൾ മൂടിയ ചിതൽ തിന്ന സ്വപ്നങ്ങളും
ഇടക്കെത്തിനോക്കുന്നു,ഇരുളിൽ
വെളിച്ചമെന്നപോലൊരു കാട്ടുപ്പൂവിൻ
ദൈന്യതയേറിയ മന്ദഹാസവും!
ചിരി തൻ നേർത്ത പ്രകാശത്തെ
തല്ലിക്കെടുത്താൻ വെമ്പൽപൂണ്ടരികെ
നിൽപ്പൂ ധാർഷ്ട്യത്തിൻ മുള്ളിൻപൂക്കളും
അഹങ്കാരധാടിയിൽ നിന്നാക്രോശിപ്പൂയവ
അന്ധത വരിക്കട്ടെ ഹൃദയസരസ്സുകൾ
അരുതിവിടെ ചിരിതൻ നേർത്ത പ്രകാശവും
ചെറു തിരി തെളിക്കും ചിരാതിൻ വെളിച്ചവും
ഉയരുന്നു വെൺവാക്കുകളെ തകർക്കും
വിലക്കിൻ കനത്ത മതിലുകൾ!
ഭൂമി തൻ ചലനങ്ങൾ നോക്കി മാറിയിരിപ്പൂ
നീലാകാശക്കോണിലൊരു താരകയും!
കനലിൽ വീണുടഞ്ഞുപൊള്ളിയ സ്വപ്നങ്ങൾ
പുനർജ്ജനിച്ചുരുവിടുന്നു...ഒഴുക്കുമിവിടെ
നറും വെളിച്ചത്തിൻ വാക്കിൻ വീചികൾ
പ്രകാശധോരണികളായി അലയടിക്കും
ഞങ്ങൾ ദിങ്മുഖങ്ങളിലാകവെ.....
നിറയട്ടെ ഉൺമ തൻ അരുണോദയങ്ങൾ
അറിവിൻ പൊന്നൊളി വീശും കതിരുകളായി..
തല്ലിക്കെടുത്താനകില്ലീയനന്തമാം
വെളിച്ചത്തിൻ കൽവിളക്കുകളെ...!
അറിയുക ഇരുൾ മാത്രമല്ലീ ജീവിതം
ഇരുളിൽ കലർന്നുയിർക്കൊണ്ടു വരുന്നു
വെളിച്ചത്തിൻ ദീപ്തമാം നവകേസരങ്ങളും! 

 
Blogger Templates